പാലക്കാട്: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ പുതിയ സിനിമ ജനനായകന്റെ റിലീസ് ആഘോഷമാക്കി പാലക്കാട്ടെ ആരാധകർ.
ഇന്നലെ രാവിലെ ഒന്പതുമുതൽ ആരംഭിച്ച ഷോയ്ക്ക് തിയറ്ററുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. വാദ്യമേളങ്ങളോടേയും പടക്കം പൊട്ടിച്ചുമാണ് ആദ്യ ഷോയെ ആരാധകർ വരവേറ്റത്.
തിയറ്റർ പരിസരങ്ങൾ അലങ്കരിച്ചും വിജയുടെ കട്ടൗട്ടുകളുയർത്തിയും ആഘോഷം പൊടിപൊടിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആരാധകർ നൃത്തം ചവിട്ടി തിയറ്റർ പരിസരത്തെ ആഘോഷഭരിതമാക്കി.
പാലക്കാട് നഗരത്തിൽ മാത്രം തിയറ്ററുകളിൽ ഇന്നലെ നാല്പതിൽപ്പരം പ്രദർശനങ്ങളാണുണ്ടായിരുന്നത്.
തമിഴ്നാട്ടിലെ തിയറ്ററുകളിൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ കോയന്പത്തൂർ, പൊള്ളാച്ചി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും പാലക്കാട് നഗരത്തിലെ തിയറ്ററുകളിൽ ആരാധകർ സിനിമ കാണാനെത്തിയിരുന്നു.
ഇവ കൂടാതെ അതിർത്തി പ്രദേശങ്ങളിലെ തിയറ്ററുകളിലും തമിഴ് ആരാധകർ കൂട്ടമായി എത്തി. പടം ആയിരം കോടി അടിയ്ക്കുമെന്നു ആരാധകർ ആവേശത്തോടെ പറഞ്ഞു. വിജയ് അഭിനയം നിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും വർഷത്തിൽ ഒരു പടമെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ആരാധകർ മാധ്യമങ്ങളോടു പ്രതികരിച്ചു.